www.fgks.org   »   [go: up one dir, main page]

Jump to content

വിലാപങ്ങൾ (ബൈബിൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
17:38, 25 നവംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Georgekutty (സംവാദം | സംഭാവനകൾ)

എബ്രായബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും ഒരു ഗ്രന്ഥമാണ് വിലാപങ്ങൾ. യഹുദരുടെ ഒന്നാം ദേവലയത്തിന്റെ നാശത്തെക്കുറിച്ചുള്ള വിലാപമാണ് ഈ കൃതി. ദേവാലയം നശിപ്പിക്കപ്പെട്ട കാലത്തെ ദൈവജ്ഞൻ ജെറമിയാ പ്രവാചകന്റെ രചനയായി ഇതു കണക്കാക്കപ്പെടുന്നു. ഈ കൃതിയുടെ എബ്രായമൂലത്തിന്റെ പേര് 'എയ്ക്കാ' എന്നാണ്. പുസ്തകം ആരംഭിക്കുന്നതും ആ വാക്കിലാണ്. എബ്രായഭാഷയിൽ വിലപഗാനങ്ങളുടെ പതിവു തുടക്കമായ ആ പദത്തിന്, 'എങ്ങനെ' എന്നാണർത്ഥം. പുരാതന ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റിന്റെ സൃഷ്ടാക്കൾ, ഈ കൃതിയ്ക്ക് അതിന്റെ ഉള്ളടക്കത്തെ പ്രതിഭലിപ്പിക്കാൻ 'വിലാപങ്ങൾ' എന്നർത്ഥം വരുന്ന "ത്രെണോയ് ഹയെരെമിയൗ"(Threnoi Hieremiou) എന്ന പേരു നൽകി. എബ്രായ ബൈബിളിൽ, ലിഖിതങ്ങൾ(കെതുവിം) എന്ന അന്തിമ ഖണ്ഡത്തിലാണ് ഇതിന്റെ സ്ഥാനം.[1] പഴയനിയമത്തിൽ ജെറമിയായുടെ പുസ്തകത്തിനു തൊട്ടു പിന്നാലെയാണ് മിക്കവാറും ഇതിനെ ചേർക്കാറുള്ളത്. യഹൂദലിഖിതങ്ങളുടെ പുരാതന ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റിലും ജെറോമിന്റെ ലത്തീൻ ബൈബിൾ പരിഭാഷയായ വുൾഗാത്തയിലും കാണുന്ന ക്രമീകരണമാണിത്.


ക്രി.മു. 587-ൽ യെരുശലേമിലെ ഒന്നാം ദേവാലയത്തെ ബാബിലോണിയരും ക്രി.വ. 70-ൽ രണ്ടാം ദേവാലയത്തെ റോമാക്കാരും നശിപ്പിച്ചതിന്റെ അനുസ്മരണദിനമെന്ന നിലയിൽ യഹൂദപഞ്ചാംഗത്തിലെ ഏറ്റവും ദുഃഖപൂർണ്ണമായ ദിവസമായി കണക്കാക്കപ്പെടുന്ന ആവ് മാസം ഒൻപതാം നാളിലെ (തിഷാ ബ് ആവ്) യഹൂദാരാധനയിൽ ഈ ഗ്രന്ഥം പാരായണം ചെയ്യപ്പെടുന്നു. ക്രിസ്തീയ പാരമ്പര്യത്തിലും ഈ കൃതി ഉയിർപ്പുതിരുനാളിനു മുൻപുള്ള പീഢാനുഭവവാരത്തിലെ ദേവാലയശുശ്രൂഷയിൽ വായിക്കപ്പെടാറുണ്ട്.

കർതൃത്വം

"യെരുശലേമിന്റെ നാശത്തിൽ വിലപിക്കുന്ന ജെറമിയാ പ്രവാചകൻ" റെംബ്രാന്റിന്റെ രചന

ബാബിലൊണിയയിലെ നബുക്കദ്നസ്സർ രാജാവ് യെരുശലേം ആക്രമിച്ച് സെദെക്കിയാ രാജാവിനെ തടവിലാക്കുകയും ദേവാലയം നശിപ്പിക്കുകയും ചെയ്തപ്പോൾ, ഇസ്രായേലിൽ പ്രവാചകദൗത്യത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന ജെറമിയാ പ്രവാചകന്റെ രചനായി യഹൂദ-ക്രൈസ്തവ പാരമ്പര്യങ്ങൾ ഇതിനെ കണക്കാക്കുന്നു. [2] യെരുശലേമിന്റെ ദാമാസ്കസ് കവാടത്തിനു പുറത്തുള്ള ഒരു ഗുഹയിൽ അഭയം തേടിയ പ്രവാചകൻ അവിടെ ഈ രചന നടത്തി എന്നാണു പാരമ്പര്യം. ജോസിയാ രാജാവിന്റെ മരണത്തിൽ ജെറമിയാ ഒരു വിലാപം രചിച്ചതായി രണ്ടാം ദിനവൃത്താന്തപുസ്തകം പറയുന്നുണ്ടെങ്കിലും [3] വർണ്ണങ്ങളെ അക്ഷരമാലയിലെ അവയുടെ ക്രമത്തിൽ പിന്തുടരുന്ന ഇതിലെ അക്രോസ്റ്റിക് രീതി, ജെറമിയായുടെ പുസ്തകത്തിൽ കാണാത്തതാണ്. ജെറമിയായുടെ പേരും ഇതിൽ ഒരിടത്തും കാണുന്നില്ല. അതിനാൽ ഇതിന്റെ കർതൃത്വം തർക്കവിഷയമാണ്. നഗരവിലാപങ്ങളുടെ മെസോപ്പൊത്തോമിയൻ പാരമ്പര്യം പിന്തുടർന്ന് എഴുതിയതുമാവാം ഇത്. ഊർ നഗരത്തിന്റെ നാശത്തെക്കുറിച്ചുള്ള വിലാപം ആ പാരമ്പര്യത്തിലെ ഒരു രചനയാണ്.

അവലംബം

  1. Easton, Matthew George (1897). The Bible Dictionary: Your Biblical Reference Book (Forgotten Books paperback ed.). Thomas Nelson. ISBN 978-1605060965.
  2. 2 രാജാക്കന്മാർ 24-25, ജെറമിയായുടെ പുസ്തകം 39:1-10 & 52).
  3. 2 ദിനവൃത്താന്തം 35:25
"https://ml.wikipedia.org/w/index.php?title=വിലാപങ്ങൾ_(ബൈബിൾ)&oldid=856441" എന്ന താളിൽനിന്ന് ശേഖരിച്ചത്